ന്യൂഡൽഹി: മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്യസഭയില്‍ ഇന്നും ചര്‍ച്ചയില്ല.
ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ നോട്ടീസുകള്‍ തള്ളി. ചോദ്യോത്തരവേള തടസപ്പെടുത്തുന്ന തരത്തില്‍ പ്രതിപക്ഷം ബഹളം വച്ചതോടെ രാജ്യസഭ ഉച്ചയ്ക്ക് രണ്ട് വരെ നിര്‍ത്തിവച്ചു.
മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇവർ ദുര്‍ഗ് സെന്‍ട്രല്‍ ജയിലാണ്.
ഇവർക്കെതിരേ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്.